X

ചാലക്കുടിയില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കറിക്കത്തി കൊണ്ട് കുത്തിയതെന്ന് സമ്മതിച്ച് ഭാര്യ

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ 11ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് പൊലീസ് അറസ്റ്റ് ചെയ്ത നിഷ.

നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

നിഷ ഫോണ്‍ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോള്‍ ഭയപ്പെട്ടു പോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളര്‍ന്നു പോയെന്നാണ് നിഗമനം. സമീപത്തു താമസിക്കുന്ന വിനോദിന്റെ മാതാവ് ഇടയ്ക്ക് ഇവിടെ വന്നെങ്കിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തിരികെ പോയി. കുറേ സമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതു കണ്ട് വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണത്തിനു കീഴടങ്ങി. പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന സൂചന ലഭിച്ചത്. പരിസരവാസികളോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി.

വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.

പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ നടന്ന സംഭവങ്ങള്‍ പൊലീസിനോട് തുറന്നുപറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരിച്ചതെന്നും നിഷ സമ്മതിച്ചു. നിഷ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പൊലീസിനോട് പറഞ്ഞു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കു ശേഷം നിഷയെ കോടതിയില്‍ ഹാജരാക്കും.

webdesk13: