X

എന്റെ പിതാവിന് നീതി കിട്ടണം, പക്ഷേ സംഘര്‍ഷം ഒന്നിനും പരിഹാരമല്ല; യു.പിയില്‍ കൊല്ലപ്പെട്ട ഇമാമിന്റെ മകന്‍

ഉത്തര്‍പ്രദേശില്‍ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന മുഹമ്മദ് ഫാറൂഖ് ഖാസിമിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് ഉടലെടുത്തത് കടുത്ത സംഘര്‍ഷാവസ്ഥ.
പിതാവിന്റെ കൊലപാതകം കുടുംബത്തിന് താങ്ങാനാവുന്നതല്ലെന്നും പക്ഷേ അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ മറ്റൊരു ജീവനും നഷ്ടമാകരുതെന്നും ആളുകള്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹത്തിന്റെ മകന്‍ മുഫ്തി മാമുന്‍ ഖാസിമി പറഞ്ഞു.
‘പ്രദേശത്ത് സമാധാനം പുലരണം. ആളുകള്‍ സഹകരിക്കണം. എന്റെ പിതാവ് സമാധാനം ആഗ്രഹിക്കുന്ന, അതിന് വേണ്ടി പരിശ്രമിക്കുന്ന ആളായിരുന്നു. അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. എല്ലാവരും ശാന്തത പാലിക്കണം. പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയക്കാരും സാമുദായിക നേതാക്കളും പ്രദേശത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം മൗലാനയുടെ കുടംബത്തിന് വേഗത്തിലുള്ള നീതി ലഭിക്കണമെന്നും സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു.
മൗലാന ഫാറൂഖിന്റേത് ക്രൂരമായ കൊലപാതകമാണ്. കുറ്റവാളികളെ ഒട്ടും വൈകാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും നിയമം കൈയിലെടുക്കാതിരിക്കാനും ഞങ്ങള്‍ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്,’ പ്രദേശത്തെ എം.എല്‍.എ പറഞ്ഞു.
മൗലാന ഫാറൂഖിനെ സ്വന്തം ഗ്രാമമായ സോന്‍പൂരില്‍ വെച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഈ വാദം കുടുംബം തള്ളിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നുണ്ട്.
അക്രമികള്‍ ഇരുമ്പ് ദണ്ഡുകൊണ്ടും വടികൊണ്ടും ഫറൂഖിനെ ക്രൂരമായി മര്‍ദിച്ചെന്നും മരണം ഉറപ്പാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നും ഗ്രാമവാസികള്‍ പറയുന്നു.
കൊലപാതക വാര്‍ത്ത പുറത്തുവന്നതോടെ ഗ്രാമത്തില്‍ സംഘര്‍ഷം ആരംഭിച്ചു. വലിയൊരു ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ഇവര്‍ റോഡുപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസുമായി ആളുകള്‍ ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എട്ട് സ്റ്റേഷനുകളില്‍ നിന്നുള്ള അധിക പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചു. അതിന് ശേഷവും ഏറെ നേരം സംഘര്‍ഷം തുടര്‍ന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും കര്‍ശനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.
കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്.പി പ്രതാപ്ഗഡ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ ഈ സംഭവം വളരെ ഗൗരവമായി കാണുന്നു, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടും,’ അദ്ദേഹം പറഞ്ഞു.
നവി മുംബൈയിലും സ്വദേശമായ പ്രതാപ്ഗഡിലുമായി സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഫാറൂഖ്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രതാപ്ഗഡ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

webdesk13: