നോണ്‍-വെജ് ഭക്ഷണങ്ങളും ഉല്‍പ്പന്നങ്ങളും വിറ്റഴിക്കാന്‍ മുസ്‌ലിംകള്‍ തങ്ങളുടെ കടകള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കുന്നതായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. നൈപുണ്യ വികസന- തൊഴില്‍ പരിശീലന വകുപ്പ് മന്ത്രിയും മുസാഫര്‍നഗര്‍ എം.എല്‍.എയുമായ കപില്‍ ദേവ് അഗര്‍വാളാണ് വിദ്വേഷ ആരോപണവുമായി രംഗത്തെത്തിയത്.
കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി മുസ്‌ലിംകള്‍ ഹിന്ദു പേരുകള്‍ വച്ച് തീര്‍ഥാടകര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നു എന്നാണ് മന്ത്രിയുടെ വാദം. ‘അവര്‍ കടകള്‍ക്ക് വൈഷ്‌ണോ ധാബ ഭണ്ഡാര്‍, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകള്‍ നല്‍കുകയും നോണ്‍- വെജ് ഭക്ഷണം വില്‍ക്കുകയും ചെയ്യുന്നു’- മന്ത്രി ആരോപിച്ചു.
മുസാഫര്‍നഗര്‍ ജില്ലയിലെ മുസ്‌ലിം വ്യാപാരികള്‍ ഉള്‍പ്പടെയുള്ള കടയുടമകളും ധാബകളും പഴ വില്‍പനക്കാരും ചായക്കടകളും അതാതു സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഉടമകളുടെയോ ജീവനക്കാരുടേയോ പേരടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന യു.പി പൊലീസ് നിര്‍ദേശത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.
നേരത്തെ, കന്‍വാര്‍ തീര്‍ഥാടന യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മന്ത്രി, മുസ്‌ലിംകള്‍ പ്രദേശത്ത് കച്ചവടം നടത്തുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും സംഘര്‍ഷം ഒഴിവാക്കാനായി തങ്ങളുടെ കടകള്‍ക്ക് ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിടരുതെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന്, മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ പൊലീസ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.
തീര്‍ഥാടകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ പൊലീസിനും ബിജെപി ഭരണകൂടത്തിനുമെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇതിനെ ന്യായീകരിച്ച് മന്ത്രി രം?ഗത്തെത്തിയത്.
ഈ ധാബകള്‍ നടത്തുന്നവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തോടുള്ള തന്റെ ആവശ്യമെന്നും അതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞദിവസമാണ് യു.പി പൊലീസ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മുസ്‌ലിംവിരുദ്ധമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീന്‍ ഒവൈസി ഉത്തര്‍പ്രദേശിന്റെ യു.പി പൊലീസ് തീരുമാനത്തെ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തോടും ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ഏര്‍പ്പെടുത്തിയ ജൂത ബഹിഷ്‌കരണത്തോടും താരതമ്യം ചെയ്തു. ഇത്തരം ഉത്തരവുകള്‍ സാമൂഹിക കുറ്റകൃത്യങ്ങളാണെന്നും സമാധാന അന്തരീക്ഷം നശിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എം.പിയുമായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ജൂലൈ 22 തിങ്കളാഴ്ചയാണ് കന്‍വാര്‍ യാത്ര ആരംഭിക്കുന്നത്. ഉത്തരാഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന മുസാഫര്‍നഗര്‍ ജില്ലയിലൂടെ യു.പി, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഹരിദ്വാറിലെ ഗംഗയില്‍ നിന്ന് പുണ്യജലം ശേഖരിച്ച് കടന്നുപോകുന്നത്.