കോഴിക്കോട് : മാഫിയാ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംപ്തംബർ 19 ന് വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം, സ്വർണ്ണക്കടത്ത്, ബലാത്സംഗം, തട്ടി കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പൊലീസ് തന്നെ പ്രതികളാകുന്ന വാർത്തകൾ നിരന്തരം വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനുത്തരവാദികളായ വരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് പകരം സംരക്ഷണം നൽകുന്നതിനാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.
ആർ.എസ്.എസുമായി ചർച്ച നടത്താനും തനിക്ക് താൽപര്യമുള്ളവരുടെ കേസുകൾ ഒതുക്കി തീർക്കാനുമാണ് മുഖ്യമന്ത്രി പോലീസിനെ ഉപയോഗിക്കുന്നത്. ഇതിനാൽ മുഖ്യമന്ത്രിയുടെയും ശിങ്കിടികളുടെയും ഉപജാപക സംഘമായി പോലീസ് മാറിയിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി. ബി.ജെ.പി യുടെ കേന്ദ്രമന്ത്രിയായ പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയതിന് എൽ.ഡി.ഫ് കൺവീണർ ഇ.പി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തത് എന്തിൻ്റെ പേരിലാണെന്നും ഇ.പി ജയരാജന് കിട്ടാത്ത പരിഗണന അജിത്കുമാറിന് കിട്ടുന്നതിൻ്റെ കാരണമെന്താണെന്നും അറിയാൻ കേരളീയ പൊതു സമൂഹത്തിന് താൽപര്യമുണ്ട്.
നവകേരള യാത്ര നടത്തി കോടികളുടെ അഴിമതി നടത്തിയ സർക്കാർ, അതിന്റെ കണക്ക് പോലും വ്യക്തമാക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിരന്തരം വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഉത്തരം ലഭിച്ചിട്ടില്ല. ഭരണ കക്ഷി എം.എൽ.എ കൂടിയായ അൻവർ വെളിപ്പെടുത്തിയ കാര്യങ്ങൾ നേരത്തേ തന്നെ യൂത്ത് ലീഗ് ഉന്നയിച്ചതാണ്. അന്ന് പിന്തുണക്കാതെ മൗനിയായിരുന്നവർ ഇപ്പോൾ വെളിപ്പെടുത്താൻ തയ്യാറായതിൽ സന്തോഷമുണ്ട്. എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പിൻവലിഞ്ഞ പി.വി അൻവർ എം.എൽ.എയോട് സഹതാപമുണ്ടെന്നും ഫിറോസ് കൂട്ടി ചേർത്തു. ആഭ്യന്തര വകുപ്പിൻ്റെ കുത്തഴിഞ്ഞ പോക്കിനെതിരെ ശബ്ദിക്കാൻ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പടെയുള്ളവർ തയ്യാറാകണം. അഴിമതി – ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ക്ലിഫ് ഹൗസ് മാർച്ച് വലിയ താക്കീതായി മാറുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, സെക്രട്ടറി ടിപിഎം ജിഷാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.