മധ്യപ്രദേശില്‍ ക്ഷേത്രത്തിന് സമീപത്തുള്ള റോഡില്‍ ഗുട്ഖ ചവച്ചുതുപ്പിയതിന് മുസ്‌ലിം യുവാവിന് മര്‍ദനം. എം.പിയിലെ ധാറിലാണ് സംഭവം. 20 കാരനായ ഇമ്രാന്‍ ഖാനെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു.
ധാറില്‍ നടന്ന ഗോവര്‍ദ്ധന്‍ പൂജക്കിടെ പ്രദേശത്തുകൂടി കടന്നുപോയ ഇമ്രാന്‍ ഗുട്ഖ ചവച്ചുതുപ്പുകയായിരുന്നു. ഇതിനുപിന്നാലെ പൂജ സംഘടിപ്പിച്ചവരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. റോഡിന്റെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്.
തുടര്‍ന്ന് യുവാവിനെ കൊണ്ട് നിലത്തുകിടന്നിരുന്ന ഗുട്ഖ ആള്‍കൂട്ടം നാവുകൊണ്ട് എടുപ്പിക്കുകയും ചെയ്തു. പിന്നാലെ ചാണകം കഴിക്കാന്‍ യുവാവിനെ ആള്‍കൂട്ടം നിര്‍ബന്ധിക്കുകയായിരുന്നു. പൂജ നടത്തിയിരുന്നവര്‍ യുവാവിന്റെ മുഖത്തടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് തിരിച്ചറിയാവുന്നവര്‍ക്കെതിരെ നടപടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പൊലീസിനെ വിഷയം അറിയിച്ചത്.
എന്നാല്‍ പൊതുസമാധാനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി.ആര്‍.പി.സി പ്രകാരമാണ് ഖാനെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പ്രശാന്ത് പാല്‍ പറഞ്ഞു. നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്. യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആള്‍ക്കൂട്ട മര്‍ദനം ചര്‍ച്ചയായത്.
ജോലി അന്വേഷിച്ച് പോകുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ ആള്‍ക്കൂട്ടത്താല്‍ ആക്രമിക്കപ്പെട്ടതെന്ന് യുവാവിന്റെ സഹോദരനായ മൗസം ഖാന്‍ പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ് ഇമ്രാനെന്നും അക്കാരണത്താല്‍ തന്നെ യുവാവിന് പഠിക്കാന്‍ കഴിഞ്ഞില്ലെന്നും കൂലിപ്പണിക്കാണ് പോകുന്നതെന്നും മൗസം ഖാന്‍ പൊലീസിനെ അറിയിച്ചു.