X

മുസ്‌ലിം ലീഗിന്റെ നിയമപോരാട്ടം; വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാറിന് തിരിച്ചടി

മുസ്‌ലിംലീഗിന്റെ നിയമ പോരാട്ടത്തിന്റെ ഫലമായി കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്തു. 2015ല്‍ പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകളാണ് കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍ നഗരസഭകള്‍. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഈ നഗരസഭകളില്‍ അതേ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. പടന്ന ഗ്രാമ പഞ്ചായത്തില്‍ 2015ലും മട്ടന്നൂര്‍ നഗരസഭയില്‍ 2017ലും 2011 സെന്‍സസ് കണക്കിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്.

നിയമപ്രകാരം നഗരസഭകളില്‍ അനുവദിനീയമായ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൊണ്ട് മുനിസിപ്പാലിറ്റി നിയമത്തിലെ 6(3) വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 9ന് ഭേദഗതി ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നഗരസഭകളില്‍ വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ സെന്‍സസ് പ്രകാരം പ്രസിദ്ധീകരിച്ച ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തുവാന്‍ പാടുള്ളു എന്ന് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതിനാല്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി ബാധകമാവില്ലെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ അവിടെ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.

2011ന് ശേഷം പുതിയ ജനസംഖ്യ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ 2015ല്‍ പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യതിയാനം വരുത്തുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ 6(2) വകുപ്പിന് വിരുദ്ധമാണെന്നും അതിനാല്‍ സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതി മേല്‍ പറഞ്ഞ പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്കും നേരത്തെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ നഗരസഭകള്‍ക്കും ബാധകമാവില്ല എന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മേല്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ റദ്ദാക്കിയത്.

webdesk18: