ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം ജാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ജാർഘണ്ട് മുക്തി മോർച്ച, മുസ്‌ലിം ലീഗ് പാർട്ടികൾക്കിടയിൽ സഹകരണം നടപ്പാക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണിൽ സംസാരിച്ച് സഹകരണവും പിന്തുണയും ഉറപ്പ് വരുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിനും ഇന്ത്യ മുന്നണിക്കും മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിക്കുകയും തങ്ങൾ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കാലങ്ങളായി മുസ്ലിം ലീഗ് ജാർഘണ്ട് സംസ്ഥാനത്തിൽ നടത്തിവരുന്ന വിവിധ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തിയും നന്ദിയും അറിയിച്ചു. അഡ്വ.ഹാരിസ് ബീരാൻ എംപി, കൽപന സോറൻ എം.എൽ.എ, പി.കെ ബഷീർ എംഎൽഎ തുടങ്ങിയവരും സംബന്ധിച്ചു.