X

‘മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം’; രമ്യ ഹരിദാസ്

ലൈംഗികാതിക്രമ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കേസെടുത്തതോടെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍. മുകേഷ് രാജി വെച്ച് നിയമ നടപടി തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രിയും സര്‍ക്കാരും വേട്ടക്കാര്‍ക്ക് ഒപ്പമാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത് മുതല്‍ മൊഴികള്‍ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സര്‍ക്കാരിന്റെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും’ രമ്യ ഹരിദാസ് പ്രതികരിച്ചു.

സിനിമ മേഖലയിലെ മുഴുവന്‍ ആളുകളും നിലവില്‍ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകള്‍ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും പവര്‍ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൊഴി നല്‍കാന്‍ ഭയപ്പെടുന്ന ഇരകള്‍ ഇപ്പോഴുമുണ്ട്, സ്വതന്ത്രമായി മൊഴി കൊടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ പരാതിക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് മുന്‍ എംപി കൂടിയായിരുന്ന രമ്യ ഹരിദാസ് പ്രതികരിച്ചു.

അതേസമയം എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി. ഇതുവരെയും ആരോപണ നിഴലില്‍ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന ഘടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും.

മുകേഷ് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം ചില സ്ത്രീകള്‍ രംഗത്തെത്തി കാര്യങ്ങള്‍ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മുകേഷ് രാജിക്ക് തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം’, എന്നാണ് ആനി രാജ പ്രതികരിച്ചത്. മുകേഷ് രാജിവെക്കണമെന്നും എല്‍ഡിഎഫിനും സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കാതെ തീരുമാനം എടുക്കണമന്നും പ്രകാശ് ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.

webdesk13: