ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ രചിച്ച വിചാരധാര 1940-50 കാലഘട്ടത്തിലുള്ളതാണെന്ന ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞു. 1966ല്‍ രചിക്കപ്പെട്ട വിചാരധാരയെയാണ് 40കളിലേതെന്ന് പറഞ്ഞ് എം.ടി രമേശ് തള്ളിക്കളയുന്നത്.
4 ഭാഗങ്ങളായി ആകെ 23 അധ്യായങ്ങളാണ് വിചാരധാരയിലുള്ളത്. ഇതില്‍ പേജ് 208 മുതല്‍ 236 വരെയുള്ള അധ്യായങ്ങളില്‍ ആന്തരിക ഭീഷണി എന്ന ഭാഗത്തിലാണ് ക്രിസ്ത്യാനികളെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പരാമര്‍ശിക്കുന്നത്.
പുറമെനിന്നുള്ള ശത്രുക്കളേക്കാള്‍ ദേശീയഭദ്രയ്ക്ക് കൂടുതല്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള ശത്രുഘടങ്ങളാണെന്ന് പല രാജ്യങ്ങളുടെയും ചരിത്രത്തില്‍ നിന്നുള്ള പാഠം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ദേശീയഭദ്രയെ സംബന്ധിച്ച ഈ പ്രഥമപാഠമാണ് ബ്രിട്ടീഷുകാര്‍ ഈ നാട് വിട്ടുപോയ നാള്‍മുതല്‍ തുടര്‍ച്ചയായി നമ്മുടെ നാട്ടില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നത്.
ഇതില്‍ നിന്ന് തന്നെ സ്വാതന്ത്യം ലഭിച്ചതിന് ശേഷമാണ് പുസ്തകം ഇറങ്ങിയതെന്ന് വ്യക്തമാണ്. ക്രിസ്ത്യാനികള്‍ എല്ലായിടത്തും വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്‌കളങ്കരുമായ നമ്മുടെ ആളുകള്‍ ഇവകൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്? എന്നാണ് ക്രിസ്ത്യാനികളെ കുറിച്ചുള്ള അധ്യായം തുടങ്ങുന്നത് തന്നെ.
എന്നാല്‍ വളരെ പണ്ട് പറഞ്ഞ കാര്യം എന്ന രീതിയിലാണ് എം.ടി രമേശ് വിചാരധാരയെ സമീപിച്ചിരിക്കുന്നത്. വിചാരധാരയിലുള്ളത് 1940 കളിലും 50കളിലും പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നാണ് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എം.ടി രമേശ് പറഞ്ഞത്.