X

എംഎം ദാവൂദ് ഹാജി നിര്യാതനായി

അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ നേതാവുമായ വാടാനപ്പള്ളി മുക്രിയത്ത് എംഎം ദാവൂദ് ഹാജി നിര്യാതനായി. എണ്‍പത്തിയൊന്ന് വയസ്സ് പ്രായമായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആയിഷയാണ് ഭാര്യ. മക്കള്‍ : മാലിക്ക്, നൗഷാദ് മെഹ്‌റ (അബുദാബി) മന്‍സൂര്‍ (യുഎസ്) ഖൗല (ദുബൈ)കഴിഞ്ഞ അറുപത് വര്‍ഷത്തോളമായി അബുദാബിയില്‍ പ്രവാസി ജീവിതം നയിച്ചുവരികയായിരുന്നു.

ഇത്രയുംകാലവും അബുദാബി രാജകുടുംബത്തിലാണ് ജോലി ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങളായി അബുദാബിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. പ്രായാധിക്യം കണക്കിലെടുത്ത് രാജകുടുംബം അദ്ദേഹത്തിന് വിശ്രമജീവിതകാലത്തും സര്‍വ്വസൗകര്യങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഒരുദിവസം പോലും തെറ്റാതെ കൃത്യമായി ശമ്പളം, വീട്, വാഹനം, ഡ്രൈവര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും രാജകുടുംബം വിശ്രമകാലത്തും ദാവൂദ് ഹാജിക്ക് അനുവദിച്ചിരുന്നു.

സൗമ്യനും ഉദാരനും സാമൂഹ്യസേവകനുമായിരുന്നു. 1971ല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കുന്നതിന് പ്രഥമസ്ഥാനത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു. നാളിതുവരെയുള്ള ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

webdesk13: