സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കരുവന്നൂര്‍ സഹകരണ ബാങ്ക് ബനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഇന്ന് വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്.
കഴിഞ്ഞ ദിവസം 7 മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് കണ്ണന്‍ ഇഡിക്കു മുന്നിലെത്തുന്നത്.
ഇന്നു രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഇഡിയുടെ ചോദ്യംചെയ്യല്‍ ഏറെ നിര്‍ണായകമാണ്.
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാവു കൂടിയായ പി.ആര്‍.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എം.കെ. കണ്ണന്റെ നിലപാട്. ഇഡി അന്വേഷണം മുറുകുന്നതിനിടെ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് വിവരം. മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂരിലെത്തിയത്.
അതിനിടെ, കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വി.ബി. സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കില്‍നിന്നു കേരള ബാങ്കിലേക്കു വായ്പ ടേക്ക് ഓവര്‍ ചെയ്യിച്ചതിനു കമ്മിഷന്‍ ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നു കണ്ണന്‍ തട്ടിയെടുത്തെന്നാണു സിജിലിന്റെ പരാതി. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യില്‍നിന്നു പണം കൈപ്പറ്റിയതെന്നും സിജില്‍ പറഞ്ഞു.
ദേശസാത്കൃത ബാങ്കില്‍ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. 5% കമ്മിഷന്‍ കണ്ണന്‍ ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരില്‍ ബാങ്കിലടച്ചു സതീഷ് കുമാര്‍ ആധാരങ്ങള്‍ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കില്‍ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികള്‍ വേഗത്തിലാക്കിയെന്നും സിജില്‍ പറഞ്ഞു. എന്നാല്‍, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.