X

മുസ്‌ലിംകള്‍ക്കെതിരെ മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം: കൊല്‍ക്കത്ത പൊലീസ് കേസെടുത്തു

മുന്‍ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്‍ ചക്രവര്‍ത്തി മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.

ഇതിനെതിരെ ഒരാള്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ പരാതി നല്‍കിയ ആളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം പരത്താന്‍ ശ്രമിച്ച താരത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം.

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്‍ മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെ സദസ്സ് സ്വീകരിക്കുകയായിരുന്നു.

 

 

webdesk17: