എനിക്ക് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഇനി ആര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുത്. ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിണമെന്ന് ബംഗളൂരുവില്‍ മെട്രാ നിര്‍മ്മാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകര്‍ന്നുവീണു മരണപ്പെട്ട സ്‌കൂട്ടര്‍ യാത്രിക തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് പറഞ്ഞു. നമ്മ മെട്രാ കെആര്‍ പുരം- ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാണ്‍നഗര്‍ എച്ച്ബിആര്‍ ലേയൗട്ടില്‍ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), മകന്‍ വിഹാന്‍ (2) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലോഹിത്, മകള്‍ വിസ്മിത എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ രണ്ടുപേരും അപകടനില തരണം ചെയ്തു. അപകടത്തെ തുടര്‍ന്ന് മെട്രാ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, അതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍ പറഞ്ഞു. ‘കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകള്‍ നിര്‍മ്മിക്കാന്‍ ആരാണ് അനുമതി നല്‍കിയത് ? ഇതിന്റെ ടെന്‍ഡര്‍ റദ്ദാക്കണം. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.