X

മണിപ്പൂരിലെ മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലെന്ന് മെയ്‌തേയ് പംഗല്‍ നേതാവ് മുഹമ്മദ് റഹീസ്

കുക്കി മെയ്‌തേയ് വംശീയ കലാപത്തിനിടയില്‍ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം തീര്‍ത്തും അരക്ഷിതാവസ്ഥയിലാണെന്ന് മണിപ്പൂരിലെ മുസ്‌ലിംവിഭാഗമായ മെയ്‌തേയ് പംഗലിന്റെ നേതാവ് മുഹമ്മദ് റഹീസ് അഹമ്മദ് തമ്പക്. ‘ദ വയറി’ന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 8.4 ശതമാനം മാത്രമാണ് മൈതേയ് പംഗല്‍ എന്നറിയപ്പെടുന്ന മുസ്‌ലിം സമുദായം.

‘സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. മെയ്‌തേയ് പംഗല്‍ സമുദായത്തിന്റെ ജീവിതം തന്നെ അലങ്കോലമായി’ യുനൈറ്റഡ് മെയ്‌തേയ്പംഗല്‍ കമ്മിറ്റി വക്താവ് കൂടിയായ മുഹമ്മദ് റഹീസ് അഹമ്മദ് തമ്പക് പറഞ്ഞു. കുക്കികളും മെയ്‌തേയികളും തങ്ങളെ സംശയമുനയോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാക്തയില്‍ മൂന്ന് മെയ്‌ത്തേയികളെ കൊലപ്പെടുത്താന്‍ പംഗല്‍ സമുദായം കുക്കികളെ സഹായിച്ചുവെന്നായിരുന്നു മെയ്‌തേയികളുടെ ആരോപണം. മറുവശത്ത്, ക്വാക്തയ്ക്ക് സമീപമുള്ള ലെയ്തന്‍ എന്ന ഗ്രാമത്തില്‍നിന്ന് പംഗല്‍ സമുദായം പലായനം ചെയ്തപ്പോള്‍ സായുധരായ മെയ്‌തേയിക്കാര്‍ അവിടെ താവളമാക്കി. ഇത് കുക്കികളും പംഗല്‍ സമൂഹത്തെ സംശയത്തോടെ കാണാന്‍ ഇടയാക്കി.

കലാപം അവസാനിപ്പിക്കാനോ ഇരകളെ ആശ്വസിപ്പിക്കാനോ പ്രധാനമന്ത്രി ഇടപെടാത്തതിനെ മുഹമ്മദ് റയീസ് അഹമ്മദ് തമ്പക് വിമര്‍ശിച്ചു. എന്നാല്‍, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെകുറിച്ച് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. മണിപ്പൂര്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ആളിക്കത്തിക്കാന്‍ അനുവദിച്ചുവെന്നും അതിക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചിരിക്കുകയാണെന്നും യുനൈറ്റഡ് മെയ്‌തേയ്പംഗല്‍ കമ്മിറ്റി ഉന്നയിച്ച ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

webdesk13: