റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.
കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.
വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.