X

പോളണ്ടിലെ നിര്‍മാണ കമ്പനിയില്‍ ദുരിതം പേറി ഇന്ത്യക്കാരായ തൊഴിലാളികള്‍, രക്ഷകനായി മലയാളി വ്യവസായി

വാര്‍സൊ: പോളണ്ടില്‍ ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഓര്‍ലെന്‍ കേസില്‍ വഴിത്തിരിവായി മലയാളി വ്യവസായിയുടെ ഇടപെടല്‍. പോളണ്ടില്‍ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹന്‍ നല്ലൂര്‍ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ഓര്‍ലെനില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെട്ട നിരവധി ഇന്ത്യന്‍ തൊഴിലാളികളെ ദുരിതത്തില്‍ നിന്നും കരകയറ്റിയത്.
ഓര്‍ലെന്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇന്‍ഡോ പോളിഷ് ചേമ്പറില്‍ ഡയറക്ടര്‍ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്. വിവരങ്ങള്‍ മനസിലാക്കിയ ചന്ദ്രമോഹന്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും, കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.

അതേസമയം ഓര്‍ലെന്‍ ആയിരകണക്കിന് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സര്‍ക്കാരിന് വലിയ ഷെയര്‍ ഉള്ള കമ്പനിയാണ് എന്നതും ഓര്‍ലെന്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അധികൃതര്‍ വഴി ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹന്‍ പോളണ്ടിലെ ഒരു ഇന്‍വെസ്റ്റിഗേറ്റിവ് മാധ്യമത്തെ വിവരം അറിയിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വോഷണത്തില്‍ ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തില്‍ നിന്നും വളരെ താഴ്ന്ന വരുമാനത്തില്‍ പണിയെടുക്കുന്നവരുടെയും, ശോചനീയമായ താമസവും, വിസയും റെസിഡന്‍സ് പെര്‍മിറ്റും പുതുക്കി നല്‍കാതെയും, ഇന്‍ഷുറന്‍സും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വന്‍തൊഴില്‍ ലംഘനങ്ങളുടെ വിവരങ്ങള്‍ പുറത്തിവിട്ടു.

പരാതിക്കാരെ അന്ന് തെന്നെ പുറത്താക്കി തൊഴിലാളികളുടെ വായ അടപ്പിക്കാനും കമ്പനി ഇതിനിടയില്‍ ശ്രമം നടത്തുകയും ചിലരെ ബൗണ്സര്‍ഴ്‌സിനെ ഉപയോഗിച്ച് ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു.

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രശ്നത്തിന് നേരിട്ട് മുന്‍കൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടതോടെ ഇതൊരു ദേശിയവിഷയമായി ദൃശ്യമാധ്യമങ്ങളില്‍ അവതരിക്കപ്പെട്ടു. ഓര്‍ലെന്‍ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നല്‍കിയ ഉപകമ്പനികളാണ് തൊഴിലാളികളെ വഞ്ചിച്ചതെന്നു സര്‍ക്കാര്‍ അന്വേക്ഷണത്തില്‍ ബോധ്യമായി. 358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതില്‍ വെറും 114 പേര്‍ക്ക് മാത്രമാണ് നിയമപരമായി രേഖകള്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവരാണ് വലിയ തൊഴില്‍ ലംഘനങ്ങള്‍ക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെട്ടിരുന്നു.

സര്‍ക്കാര്‍ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നല്കിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. പോളണ്ടില്‍ മലയാളി ബിയര്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രമോഹന്‍ ഇതിനും മുമ്പും പോളണ്ടില്‍ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. ഉക്രൈനെ-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടില്‍ എത്തിയ ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഹെല്‍പ്‌ഡെസ്‌കിന്റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.

webdesk13: