മലപ്പുറം എല്ലാവരുടെയും സാമ്രാജ്യം, ഞാൻ മുസ്‍ലിം വിരോധിയല്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്തെ തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്‌ലിം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യമില്ല.

ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എന്‍ഡിപി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്’ വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നു.

താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല.’ തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

webdesk13:
whatsapp
line