മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സര്‍വകാല റെക്കോര്‍ഡ് വിജയവുമായി എം.എസ്.എഫ്. സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളിലും എം.എസ്.എഫ് മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.
എം.എസ്.എഫ് തനിച്ച് മത്സരിച്ച മലപ്പുറം ഗവ കോളജില്‍ മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തി എം.എസ്.എഫ് പാരമ്പര്യം കാത്തപ്പോള്‍ മലപ്പുറം വനിത ഗവ കോളജ് എസ്.എഫ്.ഐയില്‍ നിന്നും തിരിച്ചുപിടിക്കാനും എം.എസ്.എഫിന് കഴിഞ്ഞു. ജില്ലയിലെ പത്ത് സര്‍ക്കാര്‍ കോളജുകളില്‍ ഒമ്പത് കോളജുകളിലും എം.എസ്.എഫ് മുന്നണിക്ക് വിജയിക്കാനായി.
ജില്ലയിലെ ഏക വനിത ഗവ കോളജായ മലപ്പുറം വനിത കോളജില്‍ എസ്.എഫ്.ഐ കുത്തക തകര്‍ത്താണ് എം.എസ്.എഫ് വിജയം. മലപ്പുറം, കൊണ്ടോട്ടി, നിലമ്പൂര്‍, തവനൂര്‍, പെരിന്തല്‍മണ്ണ പി.ടി.എം, താനൂര്‍, മങ്കട സര്‍ക്കാര്‍ കോളജുകളിലാണ് എസ്.എഫ്.ഐയെ തൂത്തെറിഞ്ഞ് എം.എസ്.എഫ് വിജയക്കൊടി പാറിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തി.
കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 72 കോളജുകളായി ഉയര്‍ത്തി. എം.എസ്.എഫ് കെ.എസ്.യു മുന്നണിയായി 21 കോളജുകളിലും ഭരണം നേടാനായി.