ജാമ്യവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിന് പിന്നാലെ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നു. ഇന്ന് രാവിടെ ഒമ്പത് മണിക്കുള്ള വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന മഅദനി തിരുവനന്തപുരത്ത് എത്തും, കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോകുക. കുടുംബവും പി.ഡി.പി പ്രവര്‍ത്തകരും മഅദനിക്ക് ഒപ്പമുണ്ടാകും.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മഅദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബെംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തവണ നാട്ടില്‍ പോകാന്‍ കര്‍ണാടക പൊലീസിന്റെ അകമ്പടി വേണമെന്നോ, കേരളാ പൊലീസ് സുരക്ഷ നല്‍കണമെന്നോ കോടതി നിര്‍ദേശിച്ചിട്ടില്ല.