ജാമ്യവ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅദനി ആരോഗ്യ പ്രശ്‌നങ്ങളാൽ എറണാകുളം ജനറൽ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.
ഇന്ന് വൈകിട്ട് സമയപരിധി അവസാനിച്ചതോടെയാണ് മഅദനി മടങ്ങുന്നത്. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മഅദനിയുടെ ഹർജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്നിയും രോഗബാധിതമാണെന്നുമാണ് പിഡിപി നേതൃത്വം പറയുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മഅദനിക്ക് ഇത് വരെ പിതാവാനെ കാണാൻ കഴിഞ്ഞിട്ടില്ല.
ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനിക്ക് കേരളത്തിൽ എത്താൻ അവസരം ലഭിച്ചത്. 12 ദിവസത്തേക്കായിരുന്നു സന്ദർശനാനുമതി. ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിൻ ഉൾപ്പെടെയുള്ളവയുടെ അളവ് വലിയ രീതിയിൽ വർധിച്ചുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുൻപായി പ്രതികരിച്ചിരുന്നു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീർഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോൾ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനർവിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.