ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ യു.പിയിലെ അലിഗഡിലുള്ള ഫരീദ് ഔറംഗസേബിന്റെ കുടുംബത്തെ മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു.
കൊല്ലപ്പെട്ട ഫരീദിന്റെ കുടുംബം യു.പി പോലീസ് എടുത്ത കള്ളക്കേസിന്റെ പേരിൽ അരക്ഷിതാവസ്ഥയിലാണ്. കൊലപാതകത്തിൽ പ്രതിയായ രാഹുലിന്റെ മാതാവ് ലക്ഷ്മി മിത്തൽ സർക്കാറിൽ സ്വാധീനം ചെലുത്തി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട ഔറംഗസേബിനും സഹോദരനും മറ്റ് ആറ് പേർക്കുമെതിരെ കേസെടുത്തിരിക്കുകയാണ്.
മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ആൾക്കൂട്ടം വടിവാളുകൾ ഉപയോഗിച്ച് ക്രൂരമായി കൊല ചെയ്തത്. എന്നാൽ അദ്ദേഹം മിത്തലിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും മോഷണം നടത്താൻ ശ്രമിച്ചുവെന്നുമാണ് സംഭവം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷം പ്രതിയുടെ അമ്മ നൽകിയ കള്ള പരാതിയിൽ പറയുന്നത്. അതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഔറംഗസേബ് കൊല്ലപ്പെട്ടതെന്നാണ് ഇവരുടെ വിശദീകരണം.
കുടുംബത്തെ സന്ദർശിച്ച മുസ്ലിംലീഗ് സംഘം താൽക്കാലിക സഹായം ലഭ്യമാക്കി. അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമസഹായം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. യു.പി സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് നദീം, അലിഗഡ് എം.എസ്.എഫ് നേതാവ് ഡോ. മുനവ്വർ ഹാനിഫ്, എം.എം.എസ്.യു മുൻ പ്രസിഡന്റ് ഡോ. സൽമാൻ ഇംതിയാസ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.