X

ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്, തോമസ് ഐസക്കും സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയുമോ? -വി.ടി. ബൽറാം

നിയമസഭയിൽ അഴിഞ്ഞാട്ടം നടത്തിയതും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടതും തെറ്റായിപ്പോയി എന്ന് കെ.ടി.ജലീൽ എം.എൽ.എ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

വിവാദമായ നിയമസഭ ​ൈകയാങ്കളിയിൽ സ്പീക്കറുടെ കസേര മറിച്ചിട്ടതിൽ തെറ്റുപറ്റി​യെന്ന് മുൻമന്ത്രിയും സി.പി.എം സഹയാത്രികനുമായ കെ.ടി. ജലീൽ ഫേസ്ബുക് കുറിപ്പിലാണ് സമ്മതിച്ചത്. അധ്യാപക ദിനത്തിൽ ‘ഗുരുവര്യൻമാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് ജലീൽ ഇക്കാര്യം പറഞ്ഞത്. ‘‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’’ എന്നാണ് ജലീൽ എഴുതിയത്.

സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ എന്ന് വി.ടി. ബൽറാം പറഞ്ഞു. ‘ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്’ -ബൽറാം കൂട്ടിച്ചേർത്തു.

വി.ടി. ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:

നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയതും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടതും തെറ്റായിപ്പോയി എന്ന് ശ്രീ.കെ.ടി.ജലീൽ എംഎൽഎ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നു. അബദ്ധമെന്നും വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ എന്നുമാണ് ജലീൽ ഈ പ്രവൃത്തിയേക്കുറിച്ച് ഏറ്റുപറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്.

സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ! ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്.

webdesk13: