X

ലവ് യു പാരിസ്: സോപ്പില്ല, പെർഫ്യുമുണ്ട്

ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്.

അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. ദേഹത്ത് സ്പ്രേ പുശുന്നു. ഈ പുതുമണവാളന് ഭാഗ്യത്തിന് ഇംഗ്ലീഷ് അറിയാം. ചോദിച്ചതും നാട്ടിലെ റിട്ടയേർഡ് മിലിട്ടറിക്കാരനെ പോലെ അതാ ഫ്രഞ്ച് പെർഫ്യും ചരിത്രം വരുന്നു. എന്തിൽ നിന്നും ഫ്രഞ്ചുകാർ പെർഫ്യും ഉണ്ടാക്കും. ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വേരുകൾ, മൃഗക്കൊഴുപ്പ് തുടങ്ങി ഫ്രഞ്ചുകാർ പെർഫ്യൂമിന് ആശ്രയിക്കാത്ത സാധന സാമഗ്രികൾ ഇല്ലത്രെ..!! ഇനി എപ്പോഴെല്ലാമാണ് ഈ സ്പ്രേ പ്രയോഗം എന്ന ചോദ്യത്തിനുത്തരവും വലിയ വിവരണമായിരുന്നു.

രാവിലെ മുതൽ പ്രയോഗമാണ്. കുളിയിലൊന്നും വലിയ വിശ്വാസമില്ലാത്തത് പോലെ. ബാത്ത്റുമുകളിൽ സോപ്പിന് പകരം പെർഫ്യും ലോഷനുകളാണ്. കുളി നിർബന്ധമില്ലെന്നിരിക്കെ രാവിലെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ അടിച്ചാണ് ഓഫിസിലേക്കോ ജോലിക്കോ പുറത്തിറങ്ങുക. എല്ലാവരും ബാഗിൽ പെർഫൂമുകളുമായാണ് ഇറങ്ങുക. നമ്മുടെ കഥാനായകൻ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് കാട്ടാൻ മടിച്ചില്ല. മൂന്ന് തരം പെർഫ്യൂമുകൾ. രാവിലെ ഉപയോഗിക്കുന്നവ മൈൽഡ് ആയിരിക്കും-അതായത് മെട്രോയിലോ,ട്രാമിലോ, ബസിലോ ഒപ്പം യാത്ര ചെയ്യുന്നവരെ ദ്രോഹിക്കാത്തവ. ഓഫീസിലും ജോലിസ്ഥലത്തും പുഷ്പനിർമിത ദ്രവ്യമാണ് ഉപയോഗിക്കുക. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അൽപ്പമധികം ശക്തിയുള്ള മൃഗക്കൊഴുപ്പിൽ നിന്നും നിർമിക്കുന്ന പെർഫ്യും.

നമ്മുടെ നായകനെ അതിനിടയിൽ പരിചയപ്പെടുത്താൻ മറന്നു-മാർക് റെയ്നേ. നമ്മൾ മലയാളികൾക്ക് ഗൾഫ് ബന്ധം കൂടുതലുള്ളതിനാൽ പെർഫ്യും അഥവാ ഗൾഫ് സ്പ്രേ അറേബ്യൻ ഉൽപ്പന്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലോകത്തിൻറെ പെർഫ്യും ആസ്ഥാനം പാരീസാണ്. ഇവിടെ നിന്നാണ് ഗൾഫ് ഉൾപ്പെടെ എല്ലായിടങ്ങളിലേക്കും പെർഫ്യുമുകൾ കയറ്റുമതി ചെയ്യുന്നത്. ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന സ്പ്രേകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥക്ക് അനുസ്യതമായാണ് പാരീസ് കമ്പനികളുടെ സുഗന്ധനിർമാണം. Maison Guerlain എന്ന പെർഫ്യൂമിനാണ് പാരീസിൽ വലിയ മാർക്കറ്റ്. അതിൻറെ വില കേട്ടാൽ ഹൃദയാഘാത സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. “Charade”, “Parure”, “Samsara”, “Shalimar” “Instant തുടങ്ങിയ ബ്രാൻഡുകൾ ഇവരുടേതാണ്. റോസ്, ജാസ്മിൻ,ലാവൻഡർ എന്നീ ഫ്ളേവറുകൾക്കും വലിയ ഡിമാൻഡാണ്. ഫ്രാഗോനാഡാണ് പാരീസിലെ വലിയ പെർഫ്യും നിർമാതാക്കൾ.

ഇവരുടെ ഒരു മ്യൂസിയം നഗരമധ്യത്തിലെ ഒപേര ഹൗസിന് സമീപമുണ്ട്. അത് സന്ദർശിച്ചാലറിയാം പരമ്പരാഗത ഫ്രഞ്ച് പെർഫ്യും നിർമാണം. നമ്മുടെ കാർഷികവൃത്തി പോലെ തന്നെ വലിയ അളവിൽ ചെടികൾ വളർത്തുന്നു. അവ നിശ്ചിത മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് പോലെ പാകപ്പെടുത്തി സത്ത് വലിചെടുക്കുന്നു. പിന്നെ അതിൽ സുഗന്ധവാഹക പദാർത്ഥങ്ങൾ ചേർക്കുന്നു. രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല എന്ന അവകാശവാദത്തിൽ പൂർണമായും വിശ്വസിക്കാനാവില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. പെർഫ്യും ബോട്ടിലുകളും അതിസുന്ദരമാണ്. ആഢംബര പ്രേമികളാണ് ഫ്രഞ്ചുകാർ. സ്പ്രേ ബോട്ടിലുകളിൽ അത് കാണാനുമുണ്ട്. വിവിധതരം ഗ്ലാസുകളിലുള്ള സ്പ്രേ ബോട്ടിൽ നിർമാണത്തെ ആശ്രയിച്ച് കഴിയുന്നവർ ആഫ്രിക്കക്കാരാണ്. ഈ മേഖല അവർക്ക് സ്വന്തമാണ്.

webdesk14: