ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി. ആദ്യഘട്ടം– ഏപ്രില്‍ 19, രണ്ടാംഘട്ടം– ഏപ്രില്‍ 26 , മൂന്നാംഘട്ടം മേയ് 7 , നാലാംഘട്ടം മേയ് 13, അഞ്ചാംഘട്ടം – മേയ് 20, ആറാംഘട്ടം – മേയ് 25, ഏഴാംഘട്ടം – ജൂണ്‍ 1. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് . വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.
ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുത്തു. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നരലക്ഷം സൈനികരെ കേന്ദ്രസർക്കാർ വിട്ടുനൽകി.
കായികബലം ഉപയോഗിച്ച് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ കര്‍ശനമായി തടയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍. എല്ലാ മണ്ഡലങ്ങളിലും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
ഉന്നത ഉദ്യോഗസ്ഥന് ഓരോ കണ്‍ട്രോള്‍ റൂമിന്റെയും ചുമതല നല്‍കും. ആവശ്യത്തിന് കേന്ദ്രസേനയെ എല്ലാ സ്ഥലങ്ങളിലും വിന്യസിക്കും. അക്രമം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രാഥമിക ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റും. ടിവി, സമൂഹമാധ്യമങ്ങള്‍, വെബ്കാസ്റ്റിങ്, 1950 കോള്‍ സെന്റര്‍, സി–വിജില്‍ എന്നിവ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കും. രാജ്യാന്തര അതിര്‍ത്തികളിലും സംസ്ഥാന അതിര്‍ത്തികളിലും വിശദമായ പരിശോധന ഉണ്ടാകും. ഡ്രോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.