ഈ വര്‍ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്‍ തൃത്താല ചാലിശേരിയില്‍ നടക്കും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. വിപുലമായ പ്രദര്‍ശനം നാളെ ആരംഭിക്കും. ഏകോപിത വകുപ്പ് ഫലത്തില്‍ യാഥാര്‍ഥ്യമായതിന് ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. വെറുമൊരു ആഘോഷം എന്നതില്‍ കവിഞ്ഞ്, ഗൗരവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തദ്ദേശ ദിനാഘോഷം വേദിയാകും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണന്‍ കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങും നടക്കും. നാല് സെഷനുകളാണ് പ്രധാനമായും ആദ്യദിനം നടക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തല്‍, അതിദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍ നിര്‍വഹണവും മോണിറ്ററിംഗും, പ്രാദേശിക സാമ്പത്തിക വികസന- തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വകേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമകള്‍ എന്നീ വിഷയങ്ങള്‍ ആദ്യദിവസം ചര്‍ച്ച ചെയ്യും. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കലിലെ സെഷന്‍ റവന്യൂ-ഭവന നിര്‍മ്മാണം വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും. തനത് വിഭവ സമാഹരണം- നിലവിലെ സ്ഥിതിയും സാധ്യതകളും എന്ന വിഷയത്തിലാണ് ഓപ്പണ്‍ ഫോറം. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും. ശുചിത്വവും അതിദാരിദ്ര നിര്‍മാര്‍ജനവും പ്രധാന ലക്ഷ്യങ്ങളാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. മികവോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നടപ്പിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ ഓഫീസിലെയും പ്രവര്‍ത്തനത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയാനും ഇതിന്റെ ഭാഗമായി സംവിധാനമൊരുക്കും. പൊതുവായ പരാതികള്‍ പരിഹരിക്കാന്‍ ഉപജില്ലാ-ജില്ലാ തലങ്ങളില്‍ സ്ഥിരം അദാലത്ത് സംവിധാനവും ഏര്‍പ്പെടുത്തും. സേവനാവകാശങ്ങള്‍ പരാതിരഹിതമായും വേഗത്തിലും ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നഗരസഭകളിലേക്ക് കൂടി വ്യാപിപ്പിക്കും. കെ സ്മാര്‍ട്ട് പൈലറ്റ് പദ്ധതി ഉദ്ഘാടനം സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ നൂറു ദിവസം കൊണ്ടുതന്നെ എല്ലാ നഗരസഭകളിലേക്കും കെ സ്മാര്‍ട്ട് വ്യാപിപ്പിക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. അഴിമതി പരമാവധി ഇല്ലാതാക്കാനും സേവനങ്ങള്‍ സുതാര്യമാക്കിയുള്ള ഈ നടപടികളിലൂടെ സാധ്യമാകും. ഓണ്‍ലൈന്‍ സേവനത്തിന് സഹായമൊരുക്കാന്‍ എല്ലാ പഞ്ചായത്തിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.