മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടിട്ട് ഇന്നേക്ക് 150 ദിവസം. ഫെബ്രുവരി 9ന് നിയമസഭാ സമ്മേളനം നടക്കുമ്പോഴായിരുന്നു അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. വ്യക്തിപരമായും സര്‍ക്കാരിന് എതിരെയും പ്രതിപക്ഷം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം വെടിയുന്നില്ല.
ഫെബ്രുവരി ഒമ്പത്, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെ ന്യായീകരിക്കുകയും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മൗനം പാലിച്ച ദിവസം. വിഴിഞ്ഞം വിഷയത്തെ കുറിച്ച് ആയിരുന്നു അവസാനത്തെ മറുപടി. അതുകഴിഞ്ഞ് വിവാദങ്ങളുടെ പ്രളയം ഉണ്ടായെങ്കിലും മുഖ്യമന്ത്രി മിണ്ടിയിട്ടേയില്ല.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മുതല്‍, എ.ഐ ക്യാമറ വിവാദം, കെ ഫോണ്‍ വിവാദം, ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, എസ്.എഫ്.ഐക്കാര്‍ പ്രതികളായ വ്യാജസര്‍ട്ടിഫിക്കറ്റ് കേസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ എന്തിനു ഏറെ മുഖ്യമന്ത്രിയുടെ വിദേശയാത്ര പോലും വിവാദമായിരുന്നു.
ചോദ്യങ്ങള്‍ നേരിട്ടുണ്ടാകാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. പൊതു പരിപാടികളിലും മുഖ്യമന്ത്രി വാതോരാതെ പ്രസംഗിച്ചു. കെ ഫോണ്‍ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ച ഏപ്രില്‍ മെയ് മാസങ്ങളില്‍ എല്ലാ ജില്ലകളിലും പങ്കെടുത്ത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞു.
പക്ഷേ വിദേശ യാത്ര കഴിഞ്ഞെത്തുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുന്ന പതിവും തെറ്റി. അമേരിക്ക, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു. എന്നിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി ഇനിയും തയ്യാറാകുന്നില്ല.