X

‘ഞാനൊന്ന് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്’; സപീക്കറോട് വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അത് സര്‍ക്കാരിന്റേതായെന്നും പിന്നീട് സര്‍ക്കാരാണ് അതില്‍ തീരുമാനം എടുക്കേണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നാണ് മാര്‍ഗനിര്‍ദേശം. രാജ്യത്ത് ഒരു ലൈംഗിക അതിക്രമത്തിലും ഇരയുടെ ഐഡന്റിറ്റി പുറത്തുവിടില്ല. നാലര വര്‍ഷക്കാലം നടപടിയെടുക്കാതെ അടയിരുന്നതാണ് ഗുരുതരം. ഇരയുടെ മൊഴികളാണ് റിപ്പോര്‍ട്ടിലുള്ളത്. കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ നടന്നുവെന്നാണ് അതിന്റെ അര്‍ഥം. കുറ്റകൃത്യം നടന്നുവെന്ന് സര്‍ക്കാരിന് വിവരം കിട്ടി’- വിഡി സതീശന്‍ പറഞ്ഞു.

സംസാരിച്ച് പൂര്‍ണമാക്കാതെ വി.ഡി സതീശന്‍ സീറ്റിലിരുന്നു. ‘ഞാനൊന്ന് പൂര്‍ത്തിയാക്കിക്കോട്ടെ. ഇന്നലെ അങ്ങ് എത്ര യെസ് പറഞ്ഞു. ഞാന്‍ നിര്‍ത്തുന്നു. ഇത് ശരിയല്ല. അങ്ങ് നിരന്തരമായി യെസ് പറയുകയാണ്. ഇത് ശരിയായ രീതിയല്ല. എന്റെ ഇന്നലത്തെ പ്രസംഗം അങ്ങ് എടുത്ത് നോക്കൂ. പ്രസംഗത്തിന്റെ പാതിഭാഗവും അങ്ങയുടെ യെസ് ആണ്’-സതീശന്‍ പറഞ്ഞു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടരാന്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് സംസാരം തുടര്‍ന്നു. കുറ്റകൃത്യം നടന്നുവെന്ന് ഒരു വ്യക്തിക്കോ സര്‍ക്കാരിനോ വിവരം കിട്ടിയാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 97 മുതല്‍ 107 വരെയുള്ള പേജ് പുറത്താക്കരുതെന്ന് വിവരാവകാശ കമ്മിഷന്‍ പറഞ്ഞില്ലെന്നും വേണ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അത് പുറത്തുവിടാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: