X

ഭൂനികുതിയും വാഹന നികുതിയും കൂടി; വൈദ്യുതി നിരക്കും കൂടും

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകളും ഇളവുകളും ആനുകൂല്യങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഭൂനികുതിയും വാഹന നികുതിയും കൂടി. വൈദ്യുതി ചാര്‍ജും യൂണിറ്റിന് 12 പൈസ വച്ച് കൂടും. സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനം വര്‍ധന പ്രാബല്യത്തില്‍ വരില്ല.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങള്‍ക്കും 900 രൂപയായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപ അതിന് മുകളില്‍ 15,900 രൂപ എന്നിങ്ങനെയാണ് നികുതി.

എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറി. 15 ലക്ഷം വരെ വിലയുള്ളവക്ക് 5 ശതമാനം, 20 ലക്ഷം വരെ 8 ശതമാനം അതിന് മുകളിലുള്ളവക്ക് 10 ശതമാനവും നികുതി കൂടി.

ഇരുചക്ര മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5 ശതമാനമായി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ സീറ്റിനനുസരിച്ചുള്ള നികുതി ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുന്നത്.

ഒരു ആറിന് രണ്ടര മുതല്‍ 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധന ഏപ്രിലിലെ ശമ്പളത്തോടൊപ്പം കിട്ടും. ദിവസ വേതന കരാര്‍ ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കും.

webdesk13: