ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 14ന് രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്നലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർ പോർട്ട് പരിസരം, ജില്ല അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധന നടത്തി.