റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഇസ്ലാം മത വിശ്വാസി സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഹ്ളാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. വ്രതചൈതന്യത്തിന്റെ ഊര്‍ജ പ്രവാഹത്തില്‍ തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും കേരളത്തിലെ മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ സ്നേഹം കൈമാറും.
പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമദാനില്‍ നേടിയ പവിത്രത ജീവിതത്തില്‍ കാത്തുസൂക്ഷിക്കാമെന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികള്‍ റമദാനിനോട് വിടപറഞ്ഞത്. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിനുണ്ട്.
കുടുംബബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന സാര്‍വലൗകികമായ നന്മയെയാണ് ഈദുല്‍ഫിത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് പെരുന്നാള്‍ നല്‍കുന്ന സന്ദേശം. അവരവര്‍ ആനന്ദിക്കുകയല്ല, എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയാവുന്നത് ചെയ്യുകയെന്നതാണ് ഈദുല്‍ഫിത്തറിന്റെ വാക്യാര്‍ഥംതന്നെ. അര്‍ഹിക്കുന്നവര്‍ക്ക് സക്കാത്ത് നല്‍കുകയെന്ന അനുശാസനം കാരുണ്യത്തില്‍ അധിഷ്ഠിതമായ പാരസ്പര്യത്തിന്റെ മുദ്രയാണ്. ബന്ധങ്ങളില്‍ ഇഴയടുപ്പമുണ്ടാക്കലും സൗഹാര്‍ദം വളര്‍ത്തലും പെരുന്നാളിന്റെ മഹനീയമായ സന്ദേശമാണ്.
ഈദ് ആഘോഷം കരുതലോടെയും ജാഗ്രതയോടെയും ആയിരിക്കണമെന്ന് മതനേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.