X

കാവട് തീര്‍ഥാടകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കാവട് തീര്‍ഥാടകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 19 കാരനായ തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റു. ഹരിയാന സോണിപത് അത്തേര്‍നയിലെ വാന്‍ഷ് കുമാര്‍ (19) ആണ് കൊല്ലപ്പെട്ടത്. അതിവേഗം സഞ്ചരിക്കുന്ന ഡാക് കന്‍വാരിയ വിഭാഗം തീര്‍ഥാടകരാണ് പരസ്പരം ചേരിതിരിഞ്ഞ് ആക്രമിച്ചത്. ഹരിയാനയിലെ തങ്ങളുടെ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തില്‍ ആദ്യം തീര്‍ഥജലം അര്‍പ്പിക്കാന്‍ ഇരുകൂട്ടരും മത്സരിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ഇരുഭാഗത്തുമുള്ള 20 ഓളം പേര്‍ ഇഷ്ടികയും വടിയും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ഏറ്റുമുട്ടലിനിടെ, മുതുകില്‍ കത്തികൊണ്ട് കുത്തേറ്റ വാന്‍ഷ് കുമാര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് എസ്.പി അര്‍പിത് വിജയവര്‍ഗിയ പറഞ്ഞു.

ഹരിയാനയില്‍ നിന്നുള്ള ഭക്തരുടെ സംഘത്തിലാണ് കൊല്ലപ്പെട്ടയാള്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും വിഡിയോകളും പരിശോധിക്കുന്നുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്ന ഹരിയാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: