കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 5 പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അതുല്‍, പ്യാരി, ഹരി, രാജപ്പന്‍, കൊട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
പ്രതികള്‍ വധശ്രമക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഒന്നാം പ്രതി അലുവ അതുല്‍, പ്യാരി എന്നിവര്‍ എംഡിഎംഎ അടക്കമുള്ള കേസുകളില്‍ പ്രതികളാണ്.
വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈര്യാഗമാണ് കൊലക്ക് കാരണമെന്നാണ് നിഗമനം. പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയാണ്. വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിട്ടില്ല.
ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.