X

അടിത്തറ ഇളകി കര്‍ണാടക ബി.ജെ.പിക്ക്‌; രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

കര്‍ണാടക ബി.ജെ.പിയില്‍ സീറ്റ് വിവാദവും രാജിയും തുടരുന്നു. രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നാലെ 2 ബി.ജെ.പി എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. പ്രവര്‍ത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

മുദിഗരൈയിലെ എം.എല്‍.എയായ കുമാരസ്വാമിയും ഹവേരി എം.എല്‍.എയായ നെഹ്‌റു ഒലേക്കുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എം.എല്‍.എമാരില്‍ ഒഴിവാക്കപ്പെട്ട 27പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ട്‌പേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മത്സരിക്കുന്ന ഷിഗോണ്‍ മണ്ഡലമുള്‍പ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരായ രൂക്ഷവിമര്‍ശനമാണ് ഇവിടെ നിന്നും രാജിവെച്ച നെഹ്‌റു ഒലേക്കര്‍ ഉയര്‍ത്തുന്നത്. പരിഗണിക്കേണ്ടവരെ പരിഗണിക്കുന്നില്ലെന്നും നേതൃത്വത്തിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും ഒലേക്കര്‍ പറഞ്ഞു.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയ്‌ക്കെതിരെ ആരോപണമുന്നയിച്ചാണ് എംപി കുമാരസ്വാമിയുടെ രാജി. രവിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് തനിക്ക്് ടിക്കറ്റ് നിഷേധിക്കാന്‍ കാരണമെന്നും ആരോപിച്ചു. പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഭാവി തീരുമാനമെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സവദിയുടെ രാജിയിലും പ്രതിഷേധം ശക്തമാകുകയാണ്. സവദിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെലഗാവിയില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ രാജിവെച്ചു.

webdesk13: