X

സി.പി.എമ്മിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കാരാട്ട് റസാഖ്‌

സി.പി.എമ്മിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികനും കൊടുവള്ളി മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാഖ്. കൊടുവള്ളി മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എം പ്രാദേശിക ഘടകങ്ങളും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.

സി.പി.എം ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ എടുത്ത തീരുമാന പ്രകാരമാണ് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത്. പല തവണ വിളിച്ചിട്ടും ഈ വിഷയത്തില്‍ പരിഹാരം ഉണ്ടായില്ല. റിയാസ് സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്.

രണ്ട് പരാതികള്‍ താന്‍ സി.പി.എമ്മിന് നല്‍കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിനെ കുറച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ 3 വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ മറുപടി ലഭിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെ കുറിച്ചായിരുന്നു തന്റെ രണ്ടാമത്തെ പരാതി. എന്നാല്‍, ഈ പരാതിയിലും സി.പി.എമ്മിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ പത്ത് ദിവസം കാത്തുനില്‍ക്കുമെന്നും അല്ലാത്തപക്ഷം തന്റെ നിലപാട് വ്യക്തമാക്കും. വികസനം അട്ടിമറിക്കുന്നത് പുനഃപരിശോധിക്കുന്നില്ലെങ്കില്‍ ഇടത് സഹയാത്രികനായി തുടരാനാവില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് പാര്‍ട്ടി പോകരുതെന്നാണ് തനിക്ക് പറയാനുള്ളത്. പാര്‍ട്ടിക്ക് പരിഹരിക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണ് താന്‍ മുന്നോട്ടുവെച്ചത്.

കാരാട്ട് റസാഖ് ഇടതുബന്ധം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. പി.വി അന്‍വറുമായി കൂടികാഴ്ച നടത്തിയിരുന്നു അദ്ദേഹം.

 

webdesk13: