നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കേസ്. 14 സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
ഹെല്‍മറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അക്രമം തടഞ്ഞവരെയും മര്‍ദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിലും പറയുന്നു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാരെ സി.പി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. പഴയങ്ങാടി എരിപുരത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകര്‍ത്തു
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ ജോര്‍ജ് മാര്‍ട്ടിന്‍ ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തു. പ്രതിഷേധത്തെ ചാവേര്‍ ആക്രമണമാണ് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
രണ്ട് പേര്‍ കരിങ്കൊടി വീശിയതാണോ ചാവേര്‍ ആക്രമണമെന്നും ജോര്‍ജ് മാര്‍ട്ടിന്‍ ചോദിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞ് ആക്രമണത്തിന് പ്രോത്സാഹനം കൊടുക്കുകയാണ് സി.പി.എം. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും നവകേരളാ യാത്രയ്‌ക്കെതിരാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.