കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 24മണിക്കൂറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ.് യു.എ.പി.എക്ക് പുറമെ, കൊലപാതകം, വധശ്രമം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യതതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത.് ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലല്ലെന്നും 6 പാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചതെന്നും പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
യൂട്യൂബ് നോക്കിയാണ് നിര്‍മാണം പഠിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്ന് വാങ്ങിയ വീര്യമേറിയ കരിമരുന്നും പെട്രോളുമാണ് ഉപയോഗിച്ചത്. ആലുവക്കടത്തെ തറവാട്ടു വിട്ടില്‍ വെച്ച് ബോംബ് നിര്‍മിച്ച് ശേഷം കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയ ഇയാള്‍ മുന്‍നിരയില്‍ ആറിടത്തായി ബോംബുകള്‍ സ്ഥാപിച്ചു. പിന്‍നിരയില്‍ ഇരുന്ന പ്രതി സ്‌ഫോടന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്നും മൊഴി നല്‍കി.
ബാറ്ററിയോട് ചേര്‍ത്തുവെച്ച വീര്യമേറിയ കരിമരുന്ന് ഉപയോഗിച്ചാണ് സ്‌ഫോടനം ഉണ്ടാക്കിയത്. 8 ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. സ്‌ഫോടനത്തിനായി 50 ഗുണ്ടുകള്‍ ഉപയോഗിച്ചെന്നാണ് മൊഴി.
അതേസമയം, കളമശ്ശേരിയില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ 12കാരിയായ പെണ്‍കുട്ടി ഇന്ന് രാവിലെ മരിച്ചിരുന്നു.
2000ത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട ദുരൂഹതക്കും തിരച്ചിലുകള്‍ക്കുമൊടുവില്‍ സ്വയം കുറ്റമേറ്റ് തൃശൂര്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12), പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുളത്തിങ്കല്‍ കുമാരി (53) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്‌ഫോടനത്തോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം ഇന്ന് പുലര്‍ച്ചെ 12.40നായിരുന്നു. ഞായര്‍ രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയില്‍ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു.
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജിലകളില്‍നിന്നുമുള്ള യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനാണ് കളമശ്ശേരി മെഡിക്കല്‍ കോളജിനടുത്ത സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങി അല്‍പസമയത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.