ഭീകരബന്ധം ആരോപിച്ചുള്ള യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തല്‍ പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിങ് സപ്പല്‍ പ്രതികരിച്ചു.
ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ല്‍ സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതില്‍ മഹാത്മ ഗാന്ധി ജവഹര്‍ലാല്‍ നെഹ്റുവിന് ഉപദേശം നല്‍കി.
സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാര്‍മ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങള്‍ക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ട്.
ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി 6 ദിവസങ്ങള്‍ക്ക് ശേഷമാണ് കറാച്ചി പ്രമേയം അവതരിപ്പിച്ചത്. എന്തിനുവേണ്ടിയാണ് വധിച്ചത്? കാരണം, അവരുടെ ശബ്ദം കേള്‍ക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍, അവരുടെ ശബ്ദം ബധിരരായ സാമ്രാജ്യത്വ ഭരണകൂടത്തിന് മേല്‍ പതിച്ചു. അവര്‍ നിയമനിര്‍മാണ സഭയിലേക്ക് ബോംബ് എറിഞ്ഞു, കീഴടങ്ങി, ശിക്ഷയെ എതിര്‍ക്കാതെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ സന്ദേശം അയക്കാന്‍ വിചാരണ ഉപയോഗിച്ചു.- ഗുര്‍ദീപ് സിങ് സപ്പല്‍ എക്‌സില്‍ കുറിച്ചു.
ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്.
വീഡിയോ ജേര്‍ണലിസ്റ്റ് അഭിസാര്‍ ശര്‍മ, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഭാഷാ സിങ്, ഊര്‍മിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍ക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരന്‍, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവര്‍ത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈല്‍ ഹാഷ്മി, സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയില്‍ താമസിക്കുന്ന ടീസ്റ്റയെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.