കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ നിര്‍മാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്താത്തതാണ് പെട്രോള്‍ എന്‍ജിന്‍ പിന്‍വലിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം അവസാനം പെട്രോള്‍ മാനുവല്‍ വകഭേദത്തിന്റെ ഉത്പാദനം ജീപ്പ് നിര്‍ത്തിയിരുന്നു. ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി എത്തുന്ന കോംപസിന്റെ നിര്‍മാണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ഇന്ത്യയില്‍ ജീപ്പ് കോംപസിന്റെ വില്‍പനയുടെ 50 ശതമാനവും പെട്രോള്‍ മോഡലായിരുന്നു. രാജ്യാന്തര വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യന്‍ വിപണിക്ക് വേണ്ടി മാത്രം 1.4 ലിറ്റര്‍ എന്‍ജിന്‍ ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്തുന്നത് ലാഭകരമായിരിക്കില്ല എന്ന ചിന്തയാണ് പെട്രോള്‍ എന്‍ജിന്‍ മോഡല്‍ നിര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. 2026ല്‍ എത്തുന്ന ജീപ്പ് കോംപസിന്റെ അടുത്ത തലമുറ മോഡലില്‍ പെട്രോള്‍ എന്‍ജിന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 4ഃ4 ഗീയര്‍ബോക്സുമായി എത്തിയ ട്രെയില്‍ഹോക്ക് മോഡലിന്റെ ഉത്പാദനവും അവസാനിപ്പിച്ചു. കമ്പനി വെബ് സൈറ്റില്‍ നിന്ന് വാഹനം നീക്കം ചെയ്തിട്ടുണ്ട്.