X

സമുദായത്തെ ഒറ്റു കൊടുത്ത യൂദാസാണ് കെടി ജലീൽ – പി.കെ ഫിറോസ്

കോഴിക്കോട് : മുപ്പത് വെള്ളിക്കാശിന് വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത യൂദാസാണ് കെ.ടി ജലീലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിലെ ഏതെങ്കിലും വ്യക്തികൾ ചെയ്യുന്ന തെറ്റിന് സമുദായം നേതൃത്വം മറുപടി പറയണം എന്നത്‌ കാലങ്ങളായി സംഘ്പരിവാർ ഉയർത്തുന്ന പ്രചരണമാണ്. ഇതിനെ ഏറ്റെടുത്ത് സംഘ്പരിവാറിൻ്റെ കുഴലൂത്തുകാരനായി കെ.ടി ജലീൽ മാറിയിരിക്കുന്നു.

രാജ്യ തലസ്ഥാനത്ത് ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൻ്റെ തുടർച്ചയാണിത്. കെയ്സൺ എന്ന പി.ആർ ഏജൻസിയെ ഉപയോഗിച്ച് പിണറായി വിജയൻ കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ മതേതര കേരളം ഒന്നിച്ചെതിർത്തു. ഇതിലൂടെ മുഖ്യമന്ത്രിയുടെ തനിനിറം കേരളീയ സമൂഹം തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോൾ കെ.ടി ജലീലിലൂടെ വർഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

വിശ്വാസവും ആദർശവും വിളമ്പുന്ന കെ.ടി ജലീലിന് ബൈത്തുൽമാലിൽ നിന്നും സ്വന്തക്കാർക്ക് നൽകരുതെന്ന മതശാസന അറിയാത്ത ആളല്ല. എന്നിട്ടും ബന്ധു നിയമനം നടത്തുകയും മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നാൽ ഇതിൻ്റെ പേരിൽ ഒരാളും മത നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

സർക്കാറിനും പോലീസിനുമെതിരെ ആപ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജലീൽ സമുദായത്തിനെതിരെ ആപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഫിറോസ് പരിഹസിച്ചു. സമുദായത്തെ പൊതുസമൂഹത്തിൽ താറടിച്ച് കാണിക്കാൻ കെ.ടി ജലീൽ സംഘ് പരിവാറിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് സംശയിക്കണമെന്നും ഫിറോസ് കൂട്ടി ചേർത്തു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ ജലീൽ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

webdesk13: