ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ ജയ് ഭാരത് ജയ് ഭീം എന്ന് വിളിച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഉത്തര്‍പ്രദേശിലെ നരോലി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. റിപ്പബ്ലിക് ദിന പരിപാടിയില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നരോലി നഗരത്തിലെ സര്‍ദാര്‍ സിങ് ഇന്റര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിന് ഇരയായത്. ഡോക്ടര്‍ ബി.ആര്‍. അംബേദ്കറിനെ കുറിച്ച് പ്രസംഗിച്ചതിന് ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അതേ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഗേറ്റിനു പുറത്തുവച്ച് വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയായിരുന്നു.
കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നീ വകുപ്പുകള്‍ പ്രകാരം ബനിയ തേര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.