പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.
സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.