യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ പരാമര്‍ശിച്ചാണ് പ്രിയങ്കയുടെ വിമര്‍ശനം.
കണ്ണിന് പകരം കണ്ണ് എന്ന രീതിയില്‍ മുന്നോട്ട് പോയാല്‍ അത് ലോകത്തെ മുഴുവന്‍ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതാണ്അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളില്‍ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്.
ജീവിതത്തില്‍ മുഴുവന്‍ ഈ തത്വങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികള്‍ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാര്‍മിക ശക്തിയെയാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്നത്.
എന്നാല്‍, എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും വൈദ്യുതിയും നിഷേധിക്കപ്പെടുമ്പോള്‍ ആ വിഷയത്തില്‍ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയില്‍ അത് നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു
ഗസ്സയില്‍ ഇസ്രായേല്‍ വന്‍ ആക്രമണം നടത്തുന്നതിനിടെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. 45 അംഗങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍, യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 120 വോട്ടുകള്‍ക്ക് പ്രമേയം പാസായി. യു.എസും ഇസ്രായേലും ഉള്‍പ്പെടെ 14 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു
ഇന്ത്യയെ കൂടാതെ യു.കെ, ജര്‍മ്മനി, ഉക്രെയ്ന്‍, ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്അതേസമയം, യു.എസിന്റേയും കാനഡയുടെയും സമ്മര്‍ദത്തിന് വഴങ്ങി ഹമാസിനെ പേര് പറഞ്ഞ് അപലപിക്കാനും ബന്ദികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയം കൂടി അവതരിപ്പിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്യുകയും ചെയ്തു.