X

‘അത് കേന്ദ്രത്തിന്റേതാ, കേരളത്തിന് ഒന്നും ചെയ്യാനില്ല’; കയ്യൊഴിഞ്ഞ് ​മന്ത്രി, വലഞ്ഞ് വാഹന ഉടമകൾ

പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സോഫ്റ്റ്‌വെയര്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്. പരാതികള്‍ നിരവധി ലഭിക്കുന്നുണ്ട്. മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

പുതിയ രീതിയിലുള്ള പുക പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പില്‍ ലഭിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പുക പരിശോധന സംവിധാനം പലയിടങ്ങളിലും കൃത്യമായിരുന്നില്ല. പരിശോധന കൃത്യമാണെങ്കില്‍ മാത്രമേ നിലവില്‍ ഫലം അനുകൂലമാകൂ.

പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രം?ഗത്തെത്തിയത്.

പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്.

8.85 ശതമാനം പരിശോധനയില്‍ പരാജയപ്പെട്ടു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയതോത്. പഴയ സംവിധാനം അനുസരിച്ച് മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 17നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. ഈ വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ വാഹന ഉടമ പിഴ അടയ്‌ക്കേണ്ടിവരും.

webdesk13: