വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ. ഇന്ന് രീവിലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുനൂറിനതികം ജീവനുകള്‍ നഷ്ടപ്പെട്ടമായി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 232 ആയി. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാന്‍ മാസത്തില്‍ ഇസ്രാഈല്‍ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ നരനായാട്ട്.
വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കന്‍ ഗസ്സ മുനമ്പിലെ ദെയര്‍ അല്‍-ബല, ഖാന്‍ യൂനിസ്, റഫാ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രാഈലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.
ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. ബന്ദികളെ വിട്ടയക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ ഹമാസ് തയാറാകാത്തതിനെ തുടര്‍ന്നാണ് ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, ഇസ്രഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇസ്രാഈല്‍ സൃഷ്ടിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.
2023 ഒക്ടോബറില്‍ ഇസ്രായേല്‍ ഗസ്സയില്‍ തുടങ്ങിയ നരനായാട്ടില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 47,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രണത്തില്‍ 1200ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ്സയെ മരുപ്പറമ്പാക്കി ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 1.12 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും 2.3 ലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ലോകം പ്രതീക്ഷയോടെ നോക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനത്തോടെ വീണ്ടും ഗസ്സയെ രക്തരൂഷിതമാക്കുകയാണ് ഇസ്രായേല്‍.