X

അൽ ജസീറയെ നിരോധിക്കാൻ നടപടികളുമായി ഇസ്രാഈലി പാര്‍ലമെന്റ്‌

അല്‍ ജസീറയെ നിരോധിക്കാനുള്ള നീക്കവുമായി ഇസ്രാഈല്‍. മാധ്യമത്തിന്റെ ഒരു റിപ്പോര്‍ട്ടര്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് പുതിയ നീക്കം.

ദേശീയ സുരക്ഷക്ക് അപകടകാരമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന് തോന്നുന്ന മാധ്യമ സ്ഥാപനങ്ങളെ താല്‍ക്കാലികമായി നിരോധിക്കുന്നതിന് അനുവാദം നല്‍കുന്ന ബില്ലിന് ഇസ്രാഈലി പാര്‍ലമെന്റായ നെസറ്റില്‍ നാലിനെതിരെ 25 വോട്ടുകള്‍ക്ക് പാസാക്കി.
അല്‍ജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാല്‍ ‘അല്‍ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.

അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വഷാഹ് തീവ്രവാദിയാണെന്ന് ഇസ്രാഈലി സൈനിക വക്താവ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി. രാവിലെ അയാള്‍ അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകനാണ്. വൈകുന്നേരം ഹമാസിലെ തീവ്രവാദിയും! വഷാഹ് ആയുധം ഉപയോഗിക്കുന്നതായി കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ലെഫ്റ്റനന്റ് കേണല്‍ അവിച്ചേ അഡ്രെ എക്സില്‍ പോസ്റ്റ് ചെയ്തു.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ശ്ലോമോ കാര്‍ഹി ‘അല്‍ ജസീറ നിയമത്തിന്റെ’ കരട് രൂപപ്പെടുത്തിയത്.

നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഗസ യുദ്ധത്തിന്റെ റിപ്പോര്‍ട്ടിങ്ങിന്റെ തോത് അല്‍ ജസീറ നെറ്റ്വര്‍ക്ക് കുറയ്ക്കണമെന്ന് ഖത്തര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ സര്‍ക്കാരിന്റെ ഫണ്ടിങ് ലഭിക്കുന്ന സ്വതന്ത്ര വാര്‍ത്താ നെറ്റ്വര്‍ക്കാണ് അല്‍ ജസീറ. കഴിഞ്ഞ ദിവസം രണ്ട് അല്‍ ജസീറ ജീവനക്കാര്‍ക്ക് ഇസ്രഈലി വ്യോമാക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു.

 

webdesk13: