X
    Categories: NewsWorld

ഇറാന്‍ പ്രസിഡന്റ് റഈസിയുടെ സംസ്‌കാരം വ്യാഴാഴ്ച; പുതിയ തെരഞ്ഞെടുപ്പ് ജൂണ്‍ 28ന്

പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മൃതദേഹം വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ വ്യാഴാഴ്ച സംസ്‌കരിക്കുമെന്ന് ഇറാനിയന്‍ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മൊഹ്‌സെന്‍ മന്‍സൂരി പറഞ്ഞു. റഈസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്‌റാന്‍, ബിര്‍ജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തില്‍ സംസ്‌കരിക്കും.

സംഭവത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി തിങ്കളാഴ്ച 5 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 28 ന്

രാജ്യത്തെ 14-ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 28 ന് നടക്കും. നിലവില്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മുഹമ്മദ് മുഖ്ബര്‍, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മൊഹ്‌സെനി-ഇജെയ്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാന്‍, ഇറാനിയന്‍ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികളുള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.

ഇറാന്‍ പ്രസിഡന്റ് ഇബ്റാഹിം റഈസി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

webdesk13: