മുന്‍ അര്‍ജന്റീന-ബാഴ്‌സലോണ ഇതിഹാസം ഹാവിയര്‍ മഷറാനോയെ പരിശീലകനായി നിയമിച്ച് എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമി. ഇതിഹാസ താരം ലയണല്‍ മെസ്സിയുടയൊപ്പം ഇതോടെ മഷറാനോ വീണ്ടും ഒന്നിക്കും. ഇരുവരും ബാഴ്‌സയിലും അര്‍ജന്റീനയിലും ഒരുമിച്ച് നീണ്ടനാള്‍ പന്ത്തട്ടിയിരുന്നു.
കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഷറാനോയെ കോച്ചിങ് സ്ഥാനത്തേക്ക് മയാമി പരിഗണിച്ചത്. 40 വയസുകാരനായ മഷറാനോ റിവര്‍പ്ലേറ്റ്, കോറിന്ത്യാസ്, ലിവര്‍പൂള്‍,വെസ്റ്റ്ഹാം, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയെല്ലാം പന്ത് തട്ടിയിട്ടുണ്ട്. മെസ്സിക്കൊപ്പം ബാഴ്‌സയിലും അര്‍ജന്റീനയിലുമായി ഒരുപാട് മത്സരങ്ങളില്‍ അദ്ദേഹം കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീലിപ്പിച്ചത്. 2027 വരെയുള്ള സീസണിലാണ് മഷറാനോ മയാമിയുമായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ബാഴ്‌സക്കായി 203 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം മയാമിയിലെ നിലവിലെ താരങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പമെല്ലാം കളിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും പരിചയസമ്പത്തുള്ള കോച്ചുമായ മഷറാനോക്ക് പരീശീലകന്‍ എന്ന നിലക്ക് മയാമിക്കായി ഒരുപാട് സമ്പാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് ക്ലബ്ബിന്റെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം പറഞ്ഞു.