ഗസ്സയില്‍ 100 മസ്ജിദുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്തോനേഷ്യ. വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്തോനേഷ്യന്‍ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണെന്ന് മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ”ഒന്നര വര്‍ഷത്തിനുള്ളില്‍ ഇസ്രാഈല്‍ അധിനിവേശം ഗസ്സയെ തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തത്” അദ്ദേഹം പറഞ്ഞു. ആദ്യപടിയായി 10 പള്ളികള്‍ നിര്‍മിക്കും. പിന്നെ എണ്ണം 100ലെത്തിക്കുമെന്നും മുഹമ്മദ് ജുസുഫ് കല്ല വ്യക്തമാക്കി.
”ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. പള്ളി നിര്‍മ്മാണം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗസ്സയിലെ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
അതേസമയം വെടിനിര്‍ത്തല്‍ കരാറായതിന് പിന്നാലെ 3,76,000 ലധികം ഫലസ്തീനികള്‍ വടക്കന്‍ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായാണ് യുഎന്‍ അറിയിക്കുന്നത്. തെക്കന്‍ ഗസ്സയേയും വടക്കന്‍ ഗസ്സയേയും വേര്‍തിരിക്കന്ന നെത് സരിം ഇടനാഴിയില്‍ നിന്ന് ഇസ്രാഈല്‍ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്. ഇസ്രാഈല്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ വടക്കന്‍ ഗസ്സയില്‍ നിന്നാണ് വ്യാപകമായി കൂട്ടപ്പലായനം ഉണ്ടായത്.