സംസ്‌കാരത്തിന്റെ ബഹുത്വം ലോകനാഗരികതയുടെ വൈവിധ്യത്തില്‍ നിന്ന് സ്വീകരിച്ചപ്പോഴെല്ലാം ഇന്ത്യ സ്വന്തമായ ഹൃദയം കാത്തുസൂക്ഷിച്ചുവെന്നും ആ ഹൃദയസംസ്‌കാരം എന്നും ബഹുസ്വരമാണെന്നും ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. ധനാഭ്യാര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സമദാനി. ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ ദശകളിലൂടെയും ഭാവങ്ങളിലൂടെയുമാണ് മുന്നേറിയത്. ആ പ്രയാണത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ വൈവിധ്യത്തിലെ ഏകത്വമാണ്.
ജന്മശതാബ്ദി ആഘോഷത്തിലൂടെ ഇപ്പോള്‍ അനുസ്മരിക്കപ്പെടുന്ന പ്രശസ്തമായ രാജ് കപൂര്‍ അവതരിപ്പിച്ച ഗാനത്തില്‍ പറയും പോലെയാണത്: ‘ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്താനി’ (എന്നിട്ടും ഹൃദയം ഭാരതീയമാണ്). എന്നാല്‍ ഈ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ ദേശീയ ഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെത്തന്നെ നിഷേധിക്കുന്നതിന് സമമാണ് ഈ സ്ഥിതിവിശേഷം.
ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. അത് പരിഹരിക്കപ്പെടുന്നതിന് പകരം മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുക. മതേതരത്വം പോലെ രാജ്യത്തിന് അടിസ്ഥാനപരമായ തത്ത്വമാണ് സോഷ്യലിസവും. എന്നാല്‍ അവ രണ്ടിനോടും അലര്‍ജി പുലര്‍ത്തുന്ന ഒരുതരം രോഗം വദ്ധിച്ചുവരുന്നത് പൊതുവായ വളര്‍ച്ചയെയാണ് ബാധിക്കുക. അധികാരമെന്നാല്‍ സാങ്കേതികവിദ്യയുടെ അധികാരമായി മാറിയിരിക്കുന്നൊരു ലോകത്ത് അത് പരിഗണിച്ചുകൊണ്ട് തന്നെ കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.