X

ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കണ്ണൂര്‍: നോട്ട് നിരോധനം സഹായിച്ചത് കോര്‍പ്പറേറ്റുകളെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രാജ്യത്തിന് ഇതുവരെ മോചനം നേടാനായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വരുത്തിവെച്ച ദുരിതവും സാമ്പത്തിക പ്രതിസന്ധിയും എവിടെയും ചര്‍ച്ചയാകുന്നില്ല.

മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവിലേക്കും നയിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയ ഭരണകൂട കെടുകാര്യസ്ഥതയുള്‍പ്പെടെ മാധ്യമങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് പ്രചാരണം നല്‍കുന്നത്. ഇന്ത്യയുടെ നല്ല കാലം വീണ്ടെടുത്തേ പറ്റൂ. പുറത്ത് പോയി പഠിച്ച യുവാക്കള്‍ക്ക് തൊഴില്‍ പോലും ഇല്ലാതാകുന്ന അവസ്ഥയില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന ഭരണ വൈകല്യം മാറ്റിയെടുക്കാനാകണം. ഭരണകൂടത്തിന്റെ നെറികേടുകള്‍ തിരുത്താന്‍ നമുക്കാകണം. വൈകിപോയെന്ന് വിചാരിക്കാതെ ഈ തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കാകണം. രാജ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.

webdesk14: